നിലപാടുകൾ വിശദീകരിക്കുന്നു:
സി.എച് റഹ്മത്തുള്ള സഖാഫി എളമരം
ചോദ്യം:1) എന്തൊക്കെ വിശ്വാസങ്ങളും കർമങ്ങളും അംഗീകരിക്കുക എന്നതാണ് താങ്കളുടെ സംഘടനയെ മറ്റു മുസ്ലിം സംഘടനകളിൽ നിന്നും വ്യതിരിക്തമാക്കുന്നതു?
ഉത്തരം:
നമ്മുടെ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ ആറു വിശ്വാസ കാര്യങ്ങൾ അഞ്ചു അനുഷ്ഠാന കർമങ്ങൾ - ഈമാൻ കാര്യം ഇസ്‌ലാം കാര്യം- ഈ വിഷയത്തിൽ മറ്റു സംഘടനകളുമായി അഭിപ്രായ വ്യത്യാസം ഇല്ല. അതെ സമയം ഓരോന്നിന്റെയും വിശകലനത്തിൽ ചെല്ലുമ്പോളാണ് മറ്റു സംഘടനകളുമായി നമ്മൾ വേർപിരിയുക. ഉദാഹരണത്തിന് അല്ലാഹുവിലുള്ള വിശ്വാസം . അല്ലാഹുവിന്റെ വിശേഷണങ്ങൾ അവന്റെ പ്രത്യേകതകൾ, ഇത് പറയുന്നിടത്തു പ്രധാനമായും കേരളത്തിലെ വഹാബി ആശയക്കാരുമായിട്ടു നമ്മുടെ പ്രസ്ഥാനത്തിന് അഭിപ്രായവ്യത്യാസമുണ്ട്.ഉദാഹരണത്തിന് അല്ലാഹുവിനെ സംബന്ധിച്ചു സൃഷ്ടികളോട് സാമ്യത തോന്നുന്ന ഒരു രൂപവും രീതിയും ഒക്കെ അവതരിപ്പിക്കുന്നുണ്ട് മുജാഹിദ് കൾ. അല്ലാഹുവിനു കയ്യുണ്ട് അല്ലാഹുവിനു കാലുണ്ട്, ഊരയുണ്ട്, കണ്ണുണ്ട്, കണങ്കാലുണ്ട് എന്നൊക്കെ അവർ വ്യാഖ്യാനിക്കുന്നുണ്ട്. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വന്ന ചില പ്രയോഗങ്ങളെ അല്ലാഹു എന്ന സങ്കല്പത്തിന്റെ പ്രത്യേകത ഉൾക്കൊള്ളാതെ അതിന്റെ ബാഹ്യമായ അർഥം പറഞ്ഞുകൊണ്ടാണ് അവർ വിശദീകരിക്കുന്നത്. ഉദാഹരണത്തിന് (يَدُ اللَّهِ فَوْقَ أَيْدِيهِمْ ) ഇവരുടെ ഒരു വ്യാഖ്യാന രീതി അല്ലാഹുവിന്റെ കൈകൾ അവരുടെ കയ്യിന്റെ മേലെ ഉണ്ട് എന്ന് പ്രയോഗിക്കുകയും ആ കൈ എന്നതിന് ഒരു അവയവം എന്ന തരത്തിൽ അർഥം വെക്കുകയും ചെയ്യുക എന്നതാണ്. കൈ എന്നതിന് മലയാളത്തിൽ തന്നെ വ്യത്യസ്തമായ പല അർത്ഥങ്ങളും ഉണ്ടല്ലോ? അതിന്റെ പിന്നിൽ അവന്റെ കയ്യുണ്ട് എന്ന് പറഞ്ഞാൽ സ്വാധീനം, ഇടപെടൽ എന്നൊക്കെയല്ലേ? അപ്പോൾ നമ്മുടെ പ്രസ്ഥാനം പറയുന്നത് സൃഷ്ടികളോട് സാമ്യത തോന്നിപ്പിക്കുന്ന അർഥം അല്ലാഹുവിനെ സംബന്ധിച്ചു സങ്കല്പിക്കാൻ പാടില്ല എന്നതാണ്. അത് അല്ലാഹുവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഒരു വലിയ അഭിപ്രായ വ്യത്യാസമാണ്. ഒരു ജഡാവല്കൃത ദൈവത്തെ, ഏഴാനാകാശത്തിന്റെ മുകളിൽ അര്ശിന്റെ മുകളിൽ ഇരിക്കുന്ന, എല്ലാ രാത്രിയിലും ഒന്നാനാകാശത്തിൽ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്ന, ബുദ്ധിക്കു ഉൾക്കൊള്ളാനാകാത്ത രീതിയിൽ അല്ലാഹുവിനെ അവർ വർണിക്കുന്നു. അതാണ് അവരുമായി അഭിപ്രായവ്യത്യാസമുള്ള ഒരു പ്രധാന സംഗതി. ഇത് ഒരു ഉദാഹരണം പറഞ്ഞതാണ്.
ഇതുപോലെ നബി(സ)യെ കുറിച്ച് അല്ലാഹുവിന്റെ റസൂലാണ് എന്ന് വിശ്വസിക്കുമ്പോൾ തന്നെ നബിതങ്ങളുടെ പ്രത്യേകതകൾ പ്രവാചകന്മാരുടെ സവിശേഷതകൾ വിശദീകരിക്കുന്നിടത്തും അടിസ്ഥാനപരമായി വഹാബികളും മൗദൂദികളും ആയിട്ട് നമ്മളുടെ പ്രസ്ഥാനത്തിന് അഭിപ്രായവ്യത്യാസമുണ്ട്.നമ്മൾ പറയുന്നത് പ്രവാചകന്മാർ ദൈവമല്ല, ദൈവത്തിന്റെ പുത്രന്മാരല്ല, അവതാരമല്ല, അതൊന്നുമല്ല. അതേ സമയത്തു അവർ കേവലം സാധാരണ മനുഷ്യരുമല്ല. അവർ മലക്കുകൾ ഉൾപ്പെടെയുള്ള മലക്കൂത്തിയായ ലോകവുമായി, ഉപരിലോകവുമായി സമ്പർക്കം പുലർത്താൻ കഴിവുള്ളവരും മലക്കുകളെ കേൾക്കാനും കാണാനും അവരുമായി സംവദിക്കാനും അതുപോലെതന്നെ മനുഷ്യർക്ക് ഗോചരീഭവിക്കാത്ത ലോകത്തുള്ള ജിന്നുകൾ, പിശാചുക്കൾ, ഇവരുമായൊക്കെ സമ്പർക്കം പുലർത്താനും ആശയവിനിമയം നടത്താനും കഴിവുള്ള അതേ സമയം തന്നെ മാനവ ലോകവുമായി ബന്ധപ്പെടാനും കഴിയുന്ന അസാധാരണ മനുഷ്യരാണ് പ്രവാചകന്മാർ.സമ്പൂർണ മനുഷ്യരാണ്. മുജാഹിദുകളും ജമാഅത്തുകാരും ഒക്കെ പറയുന്നത് പ്രവാചകന്മാരുടെ അറിവും കഴിവും ഒക്കെ സാധാരണക്കാരെന്റെതു പോലെ തന്നെയാണ് എന്നാണു. അവർക്കു വഹിയ് കിട്ടുന്നുണ്ട് എന്നല്ലാതെ വേറൊരു പ്രത്യേകതയും അവർക്കില്ല എന്ന് പറയുന്നതിൽ അവരുമായി അടിസ്ഥാന വ്യത്യാസമുണ്ട്.
പിന്നെ മറ്റു വിശ്വാസ കാര്യങ്ങളിലും നേരിയ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. അതിത്ര ഗൗരവമുള്ളതല്ല. അനുഷ്ഠാന കർമങ്ങളിൽ നിങ്ങൾക്കറിയാമല്ലോ 5 നേരത്തെ നമസ്കാരം നിർബന്ധമാണ് എന്ന് എല്ലാരും അംഗീകരിക്കുന്നു. അതിന്റെ രൂപവും രീതിയും ഒക്കെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. പിന്നെ അതിലുള്ള ചെറിയ ശാഖാപരമായ കാര്യങ്ങളാണ് കൂടുതൽ. അതത്ര ഗൗരവമുള്ളതല്ല എന്ന് നമുക്ക് വേണമെങ്കിൽ പറയാം. അപ്പോൾ ഇതാണ് വിശ്വാസാനുഷ്ഠാന കാര്യങ്ങളിൽ, 'മറ്റു സംഘടന' എന്ന് പറഞ്ഞാൽ , അഹ്ലു സുന്നത്തു വൽ ജമാഅത്തിന്റെ പുറത്തുള്ള ജമാഅത്തെ ഇസ്‌ലാമി، മുജാഹിദ് പോലുള്ള സംഘടനകളുമായിട്ടുള്ള നമ്മുടെ പ്രധാന അഭിപ്രായ വ്യത്യാസം، അല്ലാഹുവിലും പ്രവാചകനിലും ഉള്ള വിശ്വാസങ്ങളിൽ തന്നെയാണ്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അതിൽ നിന്നാണ് തുടങ്ങുന്നതും.
സമസ്ത (EK) , സംസ്ഥാന കേരള ജംയീയത്തുൽ ഉലമ, ദക്ഷിണ കേരള ജംയീയത്തുൽ ഉലമ തുടങ്ങിയ മറ്റു സുന്നീ സംഘടനകളുമായി ആശയപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. ഈ സംഘടനകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളത് ചില നയപരമായ കാര്യങ്ങളിലാണ്. അത് കാര്യമായി രാഷ്ട്രീയവുമായി ബന്ധപ്പെട്ടുകൊണ്ടാണ്.
ചോദ്യം:2) സംഘടന അംഗീകരിക്കുന്ന പ്രമാണങ്ങൾ എന്തൊക്കെയാണ്?
ചോദ്യം:3) പ്രമാണങ്ങൾ മനസ്സിലാക്കുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടാവുന്ന വിഷയങ്ങളിൽ ആരുടെ വ്യാഖ്യാനമാണ് / എന്ത് സമീപനമാണ് പിന്നെ സ്വീകാര്യം?
ഉത്തരം:
1- പരിശുദ്ധ ഖുർആൻ. 2- നബി (സ) തങ്ങളുടെ ജീവിതം, ഹദീസ്. 3- ഇജ്മാഅ 4- ഖിയാസ് ഇതിലും പ്രത്യക്ഷത്തിൽ മറ്റുള്ള സംഘടനകളും ഇത് അംഗീകരിക്കുന്നുണ്ട് എന്നാണു പല സംവാദങ്ങളിലൊക്കെയുള്ള കുറിപ്പുകളും ഉടമ്പടികളൊക്കെ കണ്ടാൽ തോന്നുക. അതെ സമയത്തു ഈ പ്രമാണങ്ങളെ എങ്ങിനെ സമീപിക്കുന്നു, പ്രമാണങ്ങളിൽ നിന്ന് മതത്തിന്റെ വിശ്വാസവും അനുഷ്ഠാനവും പെരുമാറ്റവും - ഇത് മൂന്നും ആണല്ലോ മതം- അതിനെ കണ്ടെത്താനുള്ള രീതീശാസ്ത്രം എന്താണ്? ഇതിലാണ് ഈ വിഷയത്തിൽ പുത്തൻ ആശയക്കാരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തർക്കം ഉള്ളത്. അവർ പറയുന്നത് ഓരോരുത്തരും നേർക്കുനേരെ ഖുർആനും സുന്നത്തും പരിശോധിക്കുക, അതിൽ കണ്ടു ബോധ്യപ്പെട്ടാൽ സ്വീകരിക്കുക അല്ലെങ്കിൽ തള്ളിപ്പറയുക. ഇതാണ് അവരുടെ ഒരു രീതി.നമ്മുടെ പ്രസ്ഥാനം അഹ്ലു സുന്നത്തു വൽ ജമാഅത് സ്വീകരിക്കുന്ന ഒരു രീതി ഉണ്ട്. അത് നബി (സ) തങ്ങൾ പറഞ്ഞിട്ടുള്ളതാണ് . ഒന്ന് പരിശുദ്ധ ഖുർആനും തിരു സുന്നത്തിലും വ്യക്തമായി പരാമർശിച്ച സംഗതി ആണെങ്കിൽ അതിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലല്ലോ. അതേ സമയത്തു അതിൽ വ്യക്തമായി പറയാത്ത അനേകം കാര്യങ്ങൾ ഉണ്ടാവും. അത്തരം കാര്യങ്ങളെ നമ്മൾ ഖുർആനിലും ഹദീസിലും വ്യക്തമായ പരാമർശങ്ങൾ വന്നിട്ടില്ലെങ്കിൽ പിന്നെ അവിടെ മഹാന്മാരായ സഹാബത്തിന്റെ ജീവിതം ആണ് നമ്മൾ തെളിവ് ആക്കുക. ആ സഹാബത് എങ്ങിനെയാണ് ആ വിഷയത്തെ കൈകാര്യം ചെയ്തത് എന്ന് നോക്കും.
ഇനി അവരുടെ ജീവിതത്തിലും വരാത്ത കാര്യങ്ങൾ ഉണ്ടാവും.അപ്പോൾ അവരുടെ പിൻഗാമികളായ ആളുകൾ എങ്ങിനെയാണ് അതിനെ അഭിമുഖീകരിച്ചത്? അതിനെയാണ് നമ്മുടെ മഹാന്മാരായ മദ്ഹബിന്റെ ഇമാമീങ്ങൾ പഠന വിധേയമാക്കിയത്. മദ്ഹബിന്റെ ഇമാമീങ്ങൾ ശരിക്കു ചെയ്യുന്നത്, ഖുർആനിലും സുന്നത്തിലും വന്ന വ്യക്തമായ മസ്അലകളിൽ അവർക്കു അഭിപ്രായ വ്യത്യാസമില്ല, അല്ലാത്ത കാര്യങ്ങളിൽ സ്വഹാബത്തിന്റെയും താബിയീങ്ങളുടെയും ജീവിതം പരിശോധിച്ച് അവർ വ്യാഖ്യാനം നൽകുകയാണ്. സ്വാഭാവികമായും അങ്ങിനെ വ്യാഖ്യാനം നൽകുമ്പോൾ ഉണ്ടാവുന്ന നേരിയ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങൾ മദ്ഹബ് കളിൽ ഉണ്ടാവും. പ്രമാണങ്ങളെ മദ്ഹബിന്റെ ഇമാമീങ്ങൾ അപഗ്രഥിച്ചു പഠിച്ചത് പോലെ പിന്ഗാമികൾക്കു ആർക്കും അത് പഠിക്കാൻ കഴിഞ്ഞിട്ടില്ല, കഴിയുകയും ഇല്ല. കാരണം അവർ ആദ്യകാല നൂറ്റാണ്ടുകളിൽ ജീവിച്ച ആളുകളാണ്. അവർക്കേ ഈ ഖുർആന്റെ അവതരണവും ഹദീസുകളുടെ പാശ്ചാത്തലവുമൊക്കെ കൃത്യമായി അറിയുള്ളൂ.
അവർ നൽകിയ വ്യാഖ്യാനങ്ങൾക്ക് വിധേയമായിട്ടായിരിക്കണം പ്രമാണങ്ങളെ സമീപിക്കേണ്ടത് എന്നതാണ് അഹ്‌ലുസുന്ന പറയുന്നത്, നമ്മുടെ പ്രസ്ഥാനം പറയുന്നത്. മദ്ഹബുകളെ പരിപൂർണമായും തള്ളി സ്വന്തമായി ഗവേഷണം നടത്തണം എന്നാണു മറ്റുള്ളവർ പറയുന്നത്. അതുകൊണ്ടാണ് അവർക്കിടയിൽ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങൾ അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസം ആകുന്നതു. ഇപ്പോൾ മുജാഹിദുകൾക്കിടയിൽ തന്നെ പിളർപ്പ് ഉണ്ടായി. കേരളത്തിൽ തന്നെ നാലഞ്ചു ഗ്രൂപ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടു. ഈ അഞ്ചു ഗ്രൂപ്പുകളും അങ്ങോട്ടും ഇങ്ങോട്ടും ശിർക്ക് ആരോപിക്കുകയാണ്. സുന്നികൾക്കിടയിൽ അതില്ല. അതിന്റെ കാരണം എന്താണു? ഇവർ സ്വന്തമായി പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നു എന്നതാണ്. നമ്മുടെ പ്രസ്ഥാനം പറയുന്നത് മദ്ഹബിന്റെ ഇമാമീങ്ങൾ, ഖുർആനും സുന്നത്തും അടിസ്ഥാനപ്പെടുത്തിയാണ് അവർ മത വിധി പറഞ്ഞത്. അതിലേതെങ്കിലും ഒരു മാർഗം അവലംബിക്കുകയാണ് ഇനി വഴി ഉള്ളൂ എന്നാണു.
അല്ലെങ്കിൽ നിങ്ങൾ ആലോചിച്ചു നോക്കൂ, നമ്മൾ ഇപ്പോൾ വുദു എടുക്കണം, തയമ്മം ചെയ്യണം, നിസ്കരിക്കണം ഇതൊക്കെ അന്നത്തെ കാലത്തു ഇമാമീങ്ങൾ അപഗ്രഥിച്ചു പേടിച്ചു രേഖപ്പെടുത്തി വെച്ച കാര്യങ്ങൾ ആണ്. എന്തിനാണ് ആ വിഷയത്തിൽ നമ്മൾ ഗവേഷണം നടത്തുന്നത്? നമ്മൾ ഗവേഷണം നടത്തേണ്ടത് പുതിയ ശാസ്ത്രീയമായ അന്വേഷണങ്ങളും കണ്ടെത്തലുകളും ആണല്ലോ? അതിനെ ആരും തടഞ്ഞിട്ടും ഇല്ല. മതത്തിന്റെ വിശ്വാസവും അനുഷ്ഠാനങ്ങളും പുതിയ കാലത്തുള്ളവർ ഗവേഷണം നടത്തി, പാരമ്പര്യമായി സ്വീകരിച്ചുപോരുന്ന മാർഗത്തിൽ നിന്ന്, അതൊക്കെ തെറ്റാണ് എന്ന് പറയേണ്ട യാതൊരു ആവശ്യവും ഇല്ല, അത് സമുദായത്തിൽ അനാവശ്യ തർക്കങ്ങൾക്ക് കാരണമാവുമെന്നാണ് നമ്മുടെ പ്രസ്ഥാനം പറയുന്നത്.
ചോദ്യം:4) സമുദായത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളിൽ മറ്റൊരു മുസ്ലിം സംഘടനയുമായുള്ള സഹകരണം സാധ്യമല്ലാതാക്കുന്ന ഘടകങ്ങൾ വല്ലതും ഉണ്ടോ?
ഉത്തരം:
സമുദായത്തെ പൊതുവായി ബാധിക്കുന്ന ഭൗതിക വിഷയങ്ങളിൽ യോജിക്കുന്നതിനു നമുക്ക് എതിർപ്പുകൾ ഇല്ല. ഉദാഹരണത്തിന് CAA, പൗരത്വ ഭേദഗതി ബില്ല് വന്നുവല്ലോ. അപ്പോൾ ആ സമയത്തു ഇത്തരം ആളുകളുമായി ഒക്കെ വേദി പങ്കിടുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടല്ലോ. അതേ സമയത്തു മതപരമായി അവരുമായി അഭിപ്രായ വ്യത്യാസമുള്ള സംഗതി ആണെങ്കിൽ അവിടെ പിന്നെ അവരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അർത്ഥമില്ല. ഉദാഹരണത്തിന്, ശരീഅത് വിവാദം വന്നപ്പോൾ അവിടെ യഥാർത്ഥത്തിൽ, മുജാഹിദും ജമാത്തും വാദിച്ചിരുന്നത് എന്തായിരുന്നു? അവർ വാദിച്ചത് നിലവിലുള്ള ശരീഅത് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ തിരുത്തി പരിഷ്കരിക്കണം എന്നായിരുന്നു. അവർ അതുവരെ വാദിച്ചത് അതാണ്. ഷാബാനു കേസിനു ശേഷവും അവർ മീറ്റിംഗ് ചേർന്ന് പത്രസമ്മേളനം നടത്തി പറഞ്ഞതും അതായിരുന്നു. ഖുർആനും സുന്നത്തും അനുസരിച്ചു അത് പുനഃക്രമീകരിക്കണം.സ്വാഭാവികമായും അവർ അതിനു കാരണം പറഞ്ഞത് മദ്ഹബിന്റെ പാശ്ചാത്തലത്തിൽ തയാറാക്കിയതാണു അത്, അതുകൊണ്ടു അത് തിരുത്തണം എന്നാണു. അപ്പോൾ അത് ഞങ്ങളും അവരും തമ്മിൽ അടിസ്ഥാന അഭിപ്രായവ്യത്യാസമുള്ള ഒരു സംഗതിയാണ്. അന്നത്തെ ശരീഅത്തിന്റെ ആ act സംരക്ഷിക്കാൻ അവരെയും കൂട്ടി ഒരു സമരത്തിന് പോകാം എന്ന് പറയുന്നത്, അതിൽ യാതൊരു അർത്ഥവും ഇല്ലല്ലോ. അങ്ങിനെയാണ് സമസ്ത കേരളം ജാംയീയത്തുൽ ഉലമ തീരുമാനം എടുത്തത്, സ്വന്തം നിലക്ക് നമ്മൾ സമരം നടത്തിയാൽ മതി ഈ വിഷയത്തിൽ എന്ന്. അവരും നമ്മളും തമ്മിൽ ഈ വിഷയത്തിൽ യോജിപ്പില്ല, യോജിപ്പില്ലാത്ത വിഷയത്തിൽ യോജിച്ചു സമരം നടത്തിയാൽ അത് വലിയ അബദ്ധം ആയിരിക്കും എന്ന് പറഞ്ഞു തീരുമാനം എടുക്കാനുണ്ടായ കാരണം അതാണ്.
ചോദ്യം:5) (വിശ്വാസ പ്രഖ്യാപനം.) ൽ പറയുന്ന 19 ഇനങ്ങളിൽ വിയോജിപ്പുള്ള വല്ലതും ഉണ്ടോ?
ഉത്തരം:
7 , 9 എന്നീ പോയിന്റുകളിൽ വിശദീകരിക്കേണ്ടതുണ്ട്.
7. ഇജ്തിഹാദിൽ പ്രാഗൽഭ്യമുള്ളവർ മദ്ഹബ് പരിഗണന ഇല്ലാതെ സലഫുസ്സാലിഹീങ്ങളുടെ പാത പിന്തുടരുന്നത് അംഗീകരിക്കുക.
ഉത്തരം:
ഗവേഷണ പടുക്കളായ ആളുകൾ, മദ്ഹബൊന്നും സ്വീകരിക്കാതെ സലഫുസ്വാലിഹീങ്ങളുടെ മാർഗം പിൻപറ്റുക എന്ന് പറഞ്ഞല്ലോ. അത് വൈരുധ്യം ആണ് . അതായത് മദ്ഹബുകളുടെ കാലഘട്ടത്തിൽ, അത് ആദ്യത്തെ മൂന്നു നൂറ്റാണ്ടാണ്. അന്നത്തെ എല്ലാ ആളുകളും ഇജ്മാഅ ആയ സംഗതിയാണ് (നാലിൽ ഒരു മദ്ഹബ് പിൻപറ്റുക എന്നത്) . ആ മഹാന്മാരായ ഇമാമീങ്ങളുടെ കാലഘട്ടത്തിൽ ക്രോഡീകരിക്കപ്പെട്ട വ്യാഖ്യാനം അതാണ്. സ്വഹാബത്തിനേയും താബിഈങ്ങളേയും പഠനവിധേയമാക്കീയിട്ടാണ് അവർ ഇസ്‌ലാമിന്റെ വിശ്വാസ അനുഷ്ഠാന കർമങ്ങളിൽ ഈ ക്രോഡീകരണം നടത്തുന്നത്. അതിൽ പിന്നെ പുതിയൊരു ഗവേഷണം ഒരാൾ ഒറ്റയ്ക്ക് നടതെണ്ട ആവശ്യം ഇല്ല എന്നതാണ് മുസ്ലിം ലോകത്തിന്റെ ഏകകണ്ഠമായ തീരുമാനം. അതുകൊണ്ടാണ് ലോകത്തു എവിടെ ചെന്നാലും മഹാ ഭൂരിപക്ഷം മുസ്ലിംകളും നാലിൽ ഒരു മദ്ഹബിനെ പിന്തുടരുന്നത്.അതിനെതിരായി ഞാൻ സ്വന്തമായി ഖുർആനും സുന്നത്തും ഗവേഷണം നടത്താൻ കഴിവുള്ളവൻ ആണ് എന്ന് പറയുകയും എന്നിട്ടു ഞാൻ സലഫുകളുടെ മാർഗത്തിൽ ആണ് എന്ന് വാദിക്കുകയും ചെയ്യുന്നതു വൈരുധ്യം ആണ്. അത് അയാളുടേതിനെ ഒളിച്ചു കടത്താൻ വേണ്ടിയിട്ട് സലഫുകളുടെ മാർഗം എന്ന് പറയുകയാണ്. ഈ ആധുനിക സലഫീകളുടെ ഒക്കെ രീതി അതാണ്. കാരണം മുൻഗാമികളുടെ മാർഗം പിന്തുടർന്നാലെ രക്ഷപ്പെടൂ എന്നത് ഖുർആനിലും സുന്നത്തിലും കൃത്യമായി പറഞ്ഞ സംഗതി ആണല്ലോ. അപ്പോൾ അതിനു വേണ്ടി മേമ്പൊടി ചേർക്കാൻ ആണ് ആ വാദം . അത് അങ്ങിനെ സാധ്യം അല്ലല്ലോ. അങ്ങിനെ ആണെങ്കിൽ നാലിലൊരു മദ്ഹബ് അനുസരിച്ചു ജീവിക്കുകയാണ് വേണ്ടത്.
9. പ്രവാചകന്മാരുടെയും, പുണ്യാത്മാക്കളുടെയും ഖബറിടങ്ങളിൽ അല്ലാഹു അല്ലാത്തവരോടുള്ള നേരിട്ടുള്ള ദുആ ഗുരുതരമായ പാപമാണെന്നും അതിൽ നിന്നും വിട്ടുനിൽക്കണമെന്നും വിശ്വസിക്കുക.
ഉത്തരം:
ഒരു തെറ്റിധാരണ പരത്തുന്ന ചോദ്യമാണ്. മുസ്ലിംകൾ ആരും അല്ലാഹു അല്ലാത്തവരോട് ദുആ നടത്തുന്നില്ല. ദുആ എന്ന് പറഞ്ഞാൽ ദൈവമാണെന്ന് വിശ്വാസത്തോടെ വിളിക്കുന്നതിനാണ് ദുആ എന്ന് പറയുന്നത്. അത് അടുത്തുള്ളവരെ വിളിച്ചാലും ഖബറിന്റെ അടുത്ത് പോയാലും പോവാതെ ദൂരെ നിന്ന് വിളിച്ചാലും ജീവിച്ചിരിക്കുന്ന ആളെ വിളിച്ചാലും മരിച്ചുപോയ ആളെ വിളിച്ചാലും ജനിക്കാത്ത ആളെ വിളിച്ചാലും ആരെ വിളിച്ചാലും ദൈവം ആണെന്ന് വിശ്വസിച്ചാണോ വിളിക്കുന്നത് ആ വിളി ആണ് പ്രാർത്ഥന. അല്ലാതെ മരിച്ചുപോയവരെ വിളിച്ചാൽ അല്ല പ്രാർത്ഥന. അല്ലാഹുതആല മരിച്ചിട്ടില്ലല്ലോ? മരിച്ചാലേ പ്രാർത്ഥന ആവൂ എന്നില്ല. ജീവിച്ചിരിക്കുന്നവരെ വിളിച്ചാലും പ്രാർത്ഥന ആവും, മരിച്ചവരെ വിളിച്ചാലും പ്രാർത്ഥന ആവും.പക്ഷെ പ്രാർത്ഥിക്കുന്ന ആളുടെ മനസ്സിൽ ഈ വിളിക്കപ്പെടുന്ന വ്യക്തി, ശക്തി, ആരാധനക്ക് അർഹതയുള്ള ആളാണ് എന്ന് വിശ്വസിച്ചുകൊണ്ടാണ് വിളിക്കുന്നതെങ്കിൽ ആ വിളിയാണ് പ്രാർത്ഥന. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരാരും അങ്ങിനെ വിളിക്കുന്നില്ല എന്നതാണ് ഞങ്ങളുടെ വിശ്വാസം. നമ്മൾ അമ്പിയാക്കളെ യാ റസൂലുല്ലഹ് എന്ന് വിളിച്ചാൽ യാ ഷേഖ് മുഹിയുദ്ധീൻ എന്ന് വിളിച്ചാൽ അല്ലെങ്കിൽ മമ്പറത്തെ തങ്ങളേ എന്നൊരാൾ വിളിച്ചാൽ ആ വിളി പ്രാർത്ഥനയുടെ വിളിയല്ല. അത് ശരിക്കും സ്നേഹത്തിന്റെ വിളിയാണ്. അതൊരു മുഹബ്ബത്തിന്റെ വിളിയാണ്. മഹാന്മാരെ സ്നേഹിക്കുക എന്നതാണ് അതിന്റെ അർഥം. മഹാന്മാരെ സ്നേഹിച്ചുകൊണ്ടു ആ സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടി നമ്മൾ അവരെ വിളിക്കുന്നത് മഹാന്മാരോടുള്ള സ്നേഹ പ്രകടനമാണ്. അത് അല്ലാഹുവിന്റെ സഹായം കിട്ടാൻ ഒരു കാരണം ആണ്. അല്ലാഹു അല്ലാതെ ആർക്കും ഒരു സഹായവും വേറെ ഒരു സ്ഥലത്തുനിന്നും കിട്ടില്ല. അതായത് ബൗദ്ധികമായതും അഭൗതികം ആയതും. അതാണ് അഹ്ലു സുന്നയുടെ വിശ്വാസം. ഭൗതികമായതു നമുക്ക് വിട്ടുതന്നു, ഇനി അതിന്റെ അപ്പുറത്തുള്ളതേ പടച്ചോൻ കൈകാര്യം ചെയ്യുന്നുള്ളൂ എന്നത് അബദ്ധമാണ്. എല്ലാം കൈകാര്യം ചെയ്യുന്നത് അല്ലാഹു ആണ്. ആ അല്ലാഹുവിന്റെ സഹായം അല്ലാതെ നമുക്ക് കിട്ടുകയില്ല. അതിനു അല്ലാഹു സഹായം തരാൻ ഭൗതികവും അഭൗതികവുമായ കാരണങ്ങൾ വെച്ചിട്ടുണ്ട്. അതിലൊരു കാരണം ആണ് മഹാന്മാരെ വിളിക്കുക എന്നത്. അത് പ്രാർത്ഥന അല്ല , അത് അവരെ സ്നേഹിച്ചു വിളിക്കൽ ആണ്. ആ വിളി കാരണമായി അല്ലാഹുവിന്റെ സഹായം കിട്ടും. ചിലപ്പോൾ അവർ മുഖേന ആയിരിക്കും അല്ലെങ്കിൽ വേറെ മാർഗത്തിലൂടെ ആയിരിക്കും. മാർഗം എന്താണെന്ന് ഒന്നും നമുക്ക് അറിയില്ല. അത് അല്ലാഹു തരുന്ന വഴി. അല്ലാഹു തരുന്നതാണു. അല്ലാഹു തരുന്നതൊന്നും നമുക്ക് മാർഗം അറിയില്ലല്ലോ. നമ്മളിപ്പോൾ അല്ലാഹുവിനോട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമ്പോൾ, - മറ്റവരുടെ വിശ്വാസമനുസരിച്ചു അതൊന്നും ചോദിക്കാൻ തന്നെ പാടില്ല, ഭൗതികം ഒന്നും അല്ലാഹുവിനോട് ചോദിക്കാൻ തന്നെ പാടില്ല എന്നാണു - പക്ഷെ നമ്മൾ അല്ലാഹുവിനോട് സാമ്പത്തികമായി പ്രയാസം തീർക്കണേ , കടം വീട്ടി തരണേ എന്ന് പറഞ്ഞാൽ അല്ലാഹു അതെങ്ങിനെ വീട്ടാൻ എന്ന് നമുക്ക് അറിയില്ലല്ലോ. അതേതോ രീതിയിൽ ആയിരിക്കും. ചിലപ്പോൾ ആരെങ്കിലും നമ്മളെ സഹായിക്കൽ ആയിരിക്കും അല്ലെങ്കിൽ നമുക്ക് ജോലി തരുന്നതായിരിക്കും, അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗത്തിലൂടെ ആയിരിക്കും. അപ്പോൾ വഴി എന്താണെന്ന് നമ്മൾ അറിഞ്ഞുകൊള്ളണം എന്നില്ല.അതുപോലെയാണിതും. മഹാന്മാരോടുള്ള സ്നേഹപ്രകടനമാണ് ഇതും.
അത് അങ്ങിനെ പഠിപ്പിച്ചത് നബി (സ)തങ്ങൾ തന്നെയാണ്. ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. രണ്ടു കണ്ണിനും കാഴ്ച ഇല്ലാത്ത ഒരു സഹാബി നബി (സ) തങ്ങളുടെ അടുക്കൽ വന്നിട്ട് കണ്ണിനു കാഴ്ച ആവശ്യപ്പെട്ടു. നബി സ അദ്ദേഹത്തോട് പറഞ്ഞു നിങ്ങൾ വുദു എടുക്കുന്ന സ്ഥലത്തു ചെന്ന് പൂർണമായ വുദു എടുത്തു 2 റക്അത് സുന്നത്തു നമസ്കരിച്ചിട്ടു ഞാൻ ചൊല്ലിത്തരുന്ന പ്രാർത്ഥന അതുപോലെ ചൊല്ലണം എന്ന്. ദുആ ചൊല്ലിക്കൊടുത്തു. ("عَنْ عُثْمَانَ بْنِ حُنَيْفٍ، أَنَّ رَجُلاً، ضَرِيرَ الْبَصَرِ أَتَى النَّبِيَّ صلى الله عليه وسلم فَقَالَ ادْعُ اللَّهَ أَنْ يُعَافِيَنِي . قَالَ " إِنْ شِئْتَ دَعَوْتُ وَإِنْ شِئْتَ صَبَرْتَ فَهُوَ خَيْرٌ لَكَ " . قَالَ فَادْعُهُ . قَالَ فَأَمَرَهُ أَنْ يَتَوَضَّأَ فَيُحْسِنَ وُضُوءَهُ وَيَدْعُوَ بِهَذَا الدُّعَاءِ " اللَّهُمَّ إِنِّي أَسْأَلُكَ وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَةِ إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ لِتُقْضَى لِي اللَّهُمَّ فَشَفِّعْهُ فِيَّ " ) അർത്ഥം, പടച്ചവനേ ഞാൻ നിന്നോട് ചോദിക്കുന്നു, നിന്നിലേക്ക് ഞാൻ മുന്നിട്ടു വന്നത് കാരുണ്യത്തിന്റെ നബിയായ നിന്റെ നബി മുഖേനയാണ്. ഇത് നബി (സ) പറഞ്ഞുകൊടുക്കയാണ്. ഇതിനെ ആണ് നാം തവസ്സുൽ എന്ന് പറയുന്നത്. നബി (സ) മുഖേന അല്ലാഹുവിനോട് ചോദിക്കുക. അല്ലാഹുവിനു ഇഷ്ടപ്പെട്ട ആരെങ്കിലും ഒന്നിനെ അല്ലെങ്കിൽ ഒരു പ്രവർത്തിയെ ഒരു വ്യക്തിയെ മുമ്പിൽ വെച്ച് അല്ലാഹുവിനോട് ചോദിക്കുക. അത് അവരെ ദൈവം ആക്കലല്ല. അല്ലാഹു സ്നേഹിച്ച മഹാന്മാരെ മുഹബ്ബത് വെക്കുന്നുവെന്നു നാം പ്രകടിപ്പിക്കൽ ആണ്. എന്നിട്ടു നബി സ് തങ്ങൾ വിളിക്കാൻ പറഞ്ഞു. യാ മുഹമ്മദ്, ഞാനിതാ അങ്ങ് മുഖേന എന്റെ റബ്ബിലേക്കു മുന്നിട്ടിരിക്കയാണ്, എന്റെ ഈ ആവശ്യം വീടപ്പെടാൻ വേണ്ടി. എന്ന് നബി (സ) തങ്ങളെ വിളിച്ചു പറയാനും നബി തങ്ങൾ ആവശ്യപ്പെടുകയാണ്. എന്നിട്ടൊരു കാര്യം കൂടി പറയുന്നുണ്ട് , പടച്ചവനെ മുത്ത് നബിയുടെ ശുപാർശ എന്റെ കാര്യത്തിൽ സ്വീകരിക്കണേ എന്ന്. അപ്പോൾ നബി (സ) തങ്ങളെ ഈ വിളിച്ചത് എന്തിനാ. ശുപാർശ പറയാനാണ് എന്നതാണ് അതിന്റെ അർത്ഥം. ഈ സഹാബി ഇത് കേട്ട് അവിടുന്ന് പോയി . ഹദീസ് റിപ്പോർട്ടർ മാറിൽ പെട്ട ഉസ്മാൻ ബിൻ ഹുനൈഫ് (റ) എന്ന സഹാബി പറയുകയാണ് , "അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചു വന്നു , രണ്ടു കണ്ണിനും നല്ല കാഴ്ചയോടെയാണ് മടങ്ങി വന്നത്. " ഈ ഹദീസ് മഹാനായ ബൈഹഖി (റ) ദലായിലുൽ നുബുവ ൽ ഉദ്ധരിക്കുന്നുണ്ട്. ഇമാം തുർമുദി തന്റെ സുനനിൽ കിതാബ് അൽ ദഅവാത് ൽ ഉദ്ധരിക്കുന്നുണ്ട്, ഇമാം ഇബ്ൻ മാജ തന്റെ സുനനിൽ റിപ്പോർട് ചെയ്തുകൊണ്ട് പറയുന്നത് ഇത് സഹീഹ് ആയ ഹദീസ് എന്നാണു. നൂറുകണക്കിന് ആലിമീങ്ങൾ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അപ്പോൾ മഹാന്മാരെ തവസ്സുൽ ആക്കുന്നതും അവരെ വിളിക്കുന്നതും അത് പ്രാർത്ഥന അല്ല, അത് നബി (സ) പഠിപ്പിച്ചതാണ്. അല്ലാഹുവിന്റെ സഹായം കിട്ടാനുള്ള ഒരു മാധ്യമം ആണ്. അത് നബി തങ്ങളുടെ കബീറിന്റെ അടുത്ത് ചെന്ന് വിളിച്ചാലും അല്ലാത്ത ദൂരെനിന്നു വിളിച്ചാലും ഒന്നും അതിനു യാതൊരു പ്രശ്നവും ഇല്ല, അതാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ വിശ്വാസം . അഹ്‌ലുസുന്നത്തി വാല് ജമാഅത്തിന്റെ വിശ്വാസം അതാണ്.
(വിശ്വാസ പ്രഖ്യാപനം.)