"ഖുർആൻ മാത്രം" എന്ന ഹദീസ് നിഷേധം

ഖുർആനും ഹിക്മയും:

അല്ലാഹു നിനക്ക് വേദവും ഹിക്മയും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. (ഖു: 4-113)

അവര്‍ക്ക് നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും ഹിക്മയും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ.( ഖു: 2:129)

കൂടുതൽ ആയത്തുകൾ: ഖു: 2-231, ഖു: 4-113, ഖു: 33-34, ഖു: 2-151, ഖു:3-164, ഖു: 33-34, ഖു: 16-44

ഹിക്മ ക്കു തത്വജ്ഞാനമെന്നോ വിവേകം എന്നോ എന്ത് അർത്ഥം നൽകിയാലും, ഈ ആയത്തുകൾ എല്ലാം വ്യക്തമാക്കുന്നത് പ്രവാചകൻ(സ) ഖുർആൻ കൈമാറിത്തന്നത് കൂടാതെ മറ്റെന്തോകൂടി ജനങ്ങളെ പഠിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണു. പ്രവാചകന്റെ സുന്നത്തു ഇതല്ലാതെ മറ്റൊന്നല്ല.

അല്ലാഹുവിനേയും പ്രവാചകനേയും അനുസരിക്കുക:

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ദൂതനെയും അനുസരിക്കുക, നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. (ഖു: 4-59)

അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. (ഖു: 64-12)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. (ഖു: 8-20)

കൂടുതൽ ആയത്തുകൾ: ഖു: 5-92, ഖു: 8-20, ഖു: 8-46, ഖു: 24-54, ഖു: 47-33, ഖു: 64-12, ഖു: 4-13

ഈ ആയത്തുകൾ എല്ലാംതന്നെ അള്ളാഹുവിനേയും പ്രവാചകനെയും അനുസരിക്കാൻ വേറെ വേറെ ഊന്നൽ നൽകിക്കൊണ്ട് വ്യക്തമായി നിർദേശിക്കുന്നവയാണ്. ഈ രണ്ടു അനുസരണങ്ങളും ഖുർആനെ മാത്രം ഉദ്ദേശിച്ചാണ് എന്ന് വാദിക്കുന്നത് ഖുർആന്റെ ഭാഷാസൗന്ദര്യത്തെ അവഹേളിക്കലാണ്.

ഖുർആൻ കൂടാതെയുള്ള വഹിയുകൾ - ഉദാ:

(നബിയേ,) നിങ്ങളുടെ രക്ഷിതാവ് മുവ്വായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) (ഖു:3-124)

പ്രവാചകൻ(സ) വിശ്വാസികളോട് അല്ലാഹു മൂവായിരം മലക്കുകളെ ഇറക്കും എന്ന കാര്യം പറഞ്ഞിരുന്നു. ആ വാഗ്ദാനം അല്ലാഹു പ്രവാചകന് നൽകിയത് ഖുർആനിൽ എവിടേയും ഇല്ല.

... ഇവര്‍ ഇതുവരെ (പ്രാര്‍ത്ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും.... (ഖു: 2-142)

...റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്‌... (ഖു: 2-143)

ഖിബ്‌ല യുടെ ദിശ മസ്ജിദുൽ ഹറമിലേക്കു മാറ്റിയത് ചോദ്യം ചെയ്ത അവിശ്വാസികളോട് അല്ലാഹു പറയുന്നത്, അല്ലാഹു ആദ്യത്തെ ഖിബ്‌ല നിശ്ചയിച്ചത് പിന്പറ്റുന്നവരെ തിരിച്ചറിയാൻ വേണ്ടിയാണ് എന്നാണു. എന്നാൽ ആദ്യത്തെ ഖിബ്‌ല നിശയിച്ചകാര്യം ഖുർആനിൽ എവിടെയും ഇല്ല.

ഖുർആനിലെ സലാത് (നമസ്കാരം):

*صلاۃ (സലാത്) - എന്ന അറബി പദത്തിന്റെ അടിസ്ഥാന അർത്ഥങ്ങളിൽ നമസ്കാരം (ഒരു അനുഷ്ട്ടാനം എന്ന രീതിയിൽ) ഉൾപ്പെടുന്നില്ല. ബന്ധപ്പെടുക, ചേർന്ന് നിൽക്കുക, ചെന്ന് ചേരുക, പിന്തുടരുക തുടങ്ങിയതെല്ലാം അതിൽ പെടും. ഇസ്‌ലാമിന് മുന്പ് صلاۃ എന്ന അറബി പദം ഒരു പ്രത്യേക രീതിയിൽ ദൈവാരാധന നടത്താൻ ഉപയോഗിച്ചിരുന്നതായി രേഖകൾ ഇല്ല. x صلاۃ എന്ന പദത്തിന് നമസ്കാരം എന്ന അർഥം വരുന്നത് ഖുർആനിൽ ചില ഇടങ്ങളിൽ ആ പദം ഉപയോഗിച്ചിരിക്കുന്നത് നമസ്കാരം എന്ന അർത്ഥത്തിലാണെന്നു പ്രവാചകൻ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും വിശദീകരിക്കുന്നതിലൂടെയാണ്. അങ്ങിനെ ഒരു അർഥം ആ വാക്കിന്റെ ഖുർആനിലുള്ള സന്ദർഭങ്ങളുമായി ചേർന്നു നിൽക്കുന്നതും ആയിരിക്കും.

ഖുർആനിൽ صلاۃ എന്ന് കാണുന്നിടത്തെല്ലാം ഹദീസിൽ പറയാത്ത അർഥങ്ങൾ മാത്രം നൽകുന്ന ഹദീസ് നിഷേധികൾക്കു നമസ്കാരം എന്നൊന്നില്ല, صلاۃ എന്നാൽ ദൈവത്തെ സ്മരിക്കൽ മാത്രമാണെന്നും മറ്റും പറയേണ്ടി വരുന്നത് ഇതുകൊണ്ടാണ്. ഇങ്ങനെ പറയാൻ നാണക്കേട്‌ കൊണ്ടാവണം മറ്റു ചില ഹദീസ് നിഷേധികൾ മൂന്നു നേരമോ രണ്ടു നേരമോ ചെയ്യേണ്ട മറ്റെന്തോ കാട്ടിക്കൂട്ടൽ ആയി നമസ്കാരത്തെ അവതരിപ്പിക്കുന്നുമുണ്ട്

പല ഹദീസ് നിഷേധികളും നമസ്കാരം(സലാത്) എന്നത് ഒരു അനുഷ്ഠാനമല്ലെന്നും അതൊരു യോഗം ചേരലോ ധ്യാനമോ മാത്രമാണെന്നും പറയുന്നുണ്ട്.. അങ്ങിനെയുള്ള ഹദീസ്- നമസ്കാര നിഷേധികളുടെ വായടപ്പിക്കുന്ന, ഇസ്ളാമിക ഗ്രന്ധങ്ങൾക്കു പുറത്തുനിന്നുള്ള ഒരു ചരിത്ര രേഖയാണ് T’ung tien. ഇത് CE 801 (184H) ഇൽ എഴുതപ്പെട്ട ഒരു ചൈനീസ് Tang court ചരിത്ര രേഖ ആണ്.

Image 1

ഇതിൽ CE 751 (133H) ഇൽ തലാസ് യുദ്ധത്തിൽ പിടിക്കപ്പെട്ട ഒരു ചൈനക്കാരനായ പട്ടാളക്കാരന്റെ അന്നത്തെ കുഫ നഗരത്തിന്റെ വിവരണമുണ്ട്. ആ പട്ടാളക്കാരൻ വർഷങ്ങൾ ഇറാക്കിലും ഇറാനിലുമായി ചിലവഴിച്ചതിനുശേഷം CE 762 (144H) ഇൽ ചൈനയിൽ തിരിച്ചെത്തി. അബ്ബാസിയ തലസ്ഥാനമായിരുന്ന അന്നത്തെ കൂഫയിൽ ആ പട്ടാളക്കാരൻ കണ്ട കാഴ്ചകളിൽ ഒന്ന് അവർ 5 നേരം പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്നതാണ്.

ചുരുക്കത്തിൽ ഹദീസുകൾ എല്ലാം നിഷേധിച്ചുകൊണ്ട് ഒരാൾ എങ്ങിനെ നമസ്കരിക്കും? നമസ്കാരം തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഒരു പാരമ്പര്യം ആണെന്നും അതിനു ഹദീസുകൾ വേണ്ടതില്ലെന്നും പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഹദീസ് നിഷേധികൾ ഉണ്ട്. അവരോടു ചോദിക്കുവാൻ ഉള്ളത് അങ്ങിനെയെങ്കിൽ പ്രവാചകന് ഖുർആനിൽ ഇല്ലാത്ത നമസ്കാര രീതികൾ എവിടുന്നു കിട്ടി?

മോഷ്ടിക്കുന്നവർക്കുള്ള ശിക്ഷ:

മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. (ഖു: 5:38)

ഹദീസുകളെ ആശ്രയിക്കുന്നില്ലെങ്കിൽ എന്തൊക്കെ, എത്രയൊക്കെ മൂല്യമുള്ള വസ്തുക്കൾ മോഷ്ടിച്ചാൽ കൈകൾ മുറിക്കുന്ന ശിക്ഷ നൽകാം എന്ന് കണ്ടെത്താനാവില്ല. വിശപ്പ് കാരണം ആപ്പിൾ മോഷ്ടിച്ച പിഞ്ചു കുട്ടികളുടെ കൈകൾ മുറിക്കുന്ന നിലയിലേക്ക് ഹദീസ് നിഷേധികൾ എത്തിപ്പെടുക എന്നതായിരിക്കും ഫലം.

ഖുർആന്റെ വ്യത്യസ്ത പാരായണ ഭേദങ്ങൾ - ഹുറൂഫുകൾ

Image 1
ഖുർആനു ഉച്ചാരണങ്ങളിലും, എഴുത്തിലും, വാക്കർത്ഥത്തിലും വ്യത്യസ്തങ്ങളായ ഹുറൂഫുകൾ പ്രചാരത്തിൽ ഉണ്ട്. വായ്മൊഴിയായുള്ളതും കയ്യെഴുത്തു പ്രതികളും ഇതിനെ സ്ഥാപിക്കുന്നുണ്ട്. ഹദീസുകൾ നിഷേധിക്കുന്നവർക്കു ഇതിൽ ഏതെങ്കിലും ഒന്നൊഴികെ മറ്റെല്ലാം വ്യാജ ഖുർആൻ ആണെന്ന് പറയേണ്ടിവരും. അങ്ങിനെ പറയുന്നതിനാകട്ടെ ഒരു തെളിവും ഹാജരാക്കാൻ അവർക്കാവില്ല.

പ്രവാചകൻ(സ) വിശ്വാസികൾക്ക് മാതൃക.

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. 33-21

വിശ്വാസികൾക്ക് പ്രവാചകൻ(സ) ഒരു മാതൃക ആണെന്ന് ഖുർആൻ. അപ്പോൾ ആ മാതൃകാ ജീവിതം രേഖപ്പെടുത്തുകയും അതിനെ ഉൾക്കൊള്ളുകയും വേണ്ടതുണ്ടല്ലോ? സുന്നത്തു നിഷേധിക്കുന്നവർ ഈ ഖുർആൻ നിർദേശത്തെയാണ് നിഷേധിക്കുന്നത്.

ചരിത്രപരമായ തെളിവുകൾ

Image 1
ഹദീസുകളെക്കുറിച്ചു മുന്നൂറുവർഷതിനുശേഷം എഴുതിയത് എന്ന ഹദീസ് നിഷേധികളുടെ സ്ഥിരം പല്ലവി, തികഞ്ഞ അജ്ഞതയും ഔദ്ധത്യവും അല്ലാതെ മറ്റൊന്നും അല്ല! ബുഖാരി, മുസ്ലിം തുടങ്ങിയവർ അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്ന ഹദീസുകളെ ക്രോഡീകരിക്കുകയും അവയുടെ വിശ്വസനീയത ഉറപ്പുവരുത്തുകയും ആണ് ചെയ്തത്.
Image 1
ഹമ്മാം ബിൻ മുന്ബബീഹ് (റ) (CE 660 - CE719 ) - അബൂ ഹുറൈറ(റ) യുടെ വിദ്യാർത്ഥി - എഴുതിയ "സഹീഫ ഹമ്മാൻ ബിൻ മുന്ബബീഹ്" എന്ന ആദ്യകാല ഹദീസ് സമാഹാരത്തിൽ നിന്നുമുള്ള കണ്ടെടുക്കപ്പെട്ട ഏടുകൾ. ഡമാസ്കസ് മാനുസ്ക്രിപ്റ്റ് എന്ന രേഖ.

Image 1

ഹദീസ് ക്രോഡീകരിച്ച കാലഘട്ടങ്ങളിലുള്ള ഹദീസ് പണ്ഡിതന്മാരെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ഇവർ ആശ്രയിക്കുന്നത് അതെ കൈകളാൽ എഴുതപ്പെട്ട Dictionary കളെ ആണെന്നത് ഇവർ ഓർക്കാറില്ല. ആദ്യത്തെ അറബിക് Dictionary ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ആണ് എഴുതപ്പെടുന്നത്. "കിതാബൽ അയിൻ". അത് എഴുതിയത് ആകട്ടെ ഹദീസ് ശേഖരിച്ച അതേ വൈജ്ഞാനിക പാരന്പര്യത്തിൽ നിന്നുള്ള "അൽ ഖലീൽ ഇബ്ൻ അഹ്മദ് അൽ ഫറാഹിദി" ആണ്

സത്യസന്ധമായ രേഖപ്പെടുത്തൽ.

ഇസ്‌ലാമിന്റെ വിമർശകർ ചൂണ്ടിക്കാണിക്കാറുള്ള ഇസ്‌ലാമിക പ്രമാണങ്ങളിലെ സങ്കീർണതകൾ എല്ലാം തന്നെ വിമർശകർ തേടി കണ്ടെത്തിയ പുരാതന രേഖകളിൽ നിന്നല്ല, മറിച്ചു നമ്മുടെ പൂർവിക പണ്ഡിതന്മാർ രേഖപ്പെടുത്തിയതും, ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഭാഗവും ആണ്.

ഹദീസ് വൈരുധ്യങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ ചില ഉദാഹരണങ്ങൾ:

ഇഖ്തിലാഫ് അൽ ഹദീസ് - ഇമാം ശാഫി (ഹി 204)

ത'അവീൽ മുഖ്തലിഫ് അൽ ഹദീസ്- ഇബ്ൻ ഖുതൈബ അൽ ദിനാവാരിസ്- (ഹി 276)

ശർറു മുഷ്കിൽ അൽ അതാർ - അബു ജാഫർ അൽ തഹാവി- (ഹി 321)

മുഷ്കിൽ അൽ ഹദീസ് വ ബയാനുഹു - അബു ബക്കർ ഇബ്ൻ ഫുറാസ്- (ഹി 406)

ഇസ്‌ലാമിക പ്രമാണങ്ങൾ സത്യസന്ധമായും കൃത്യതയോടുകൂടിയും ആണ് കൈമാറ്റം ചെയ്യപ്പെട്ടത്. വൈരുധ്യങ്ങൾ എന്ന് തോന്നുന്നവയും എളുപ്പത്തിൽ ഒഴിവാക്കാമായിരുന്നവയും ആയ കാര്യങ്ങൾ പോലും പൂർവികർ കൈകടത്തലുകൾക്കു മുതിരാതെ കൃത്യമായി കൈമാറി.

ഉപസംഹാരം

Image 1
എഴുതപ്പെട്ട അക്ഷരങ്ങളും വാക്കുകളും വ്യാഖ്യാന സാധ്യതകൾ നിറഞ്ഞവയായിരിക്കും. ഖുർആനും അതിന്നു അപവാദമല്ല. ഒരു വിശദീകരണത്തിന്റെ അഭാവത്തിൽ അത് വ്യത്യസ്തങ്ങളായ പല ആശയങ്ങളും നൽകും. അങ്ങിനെ ഖുർആനിന്റെ ആശയത്തെ ഒരിടത്തു നിലനിർത്താൻ ഏറ്റവും അവകാശപ്പെട്ടത് അല്ലാഹുവിന്റെ ശിക്ഷണത്തിൽ ജീവിക്കുന്ന പ്രവാചകന് തന്നെയാണ്. അങ്ങിനെ പരിധി നിർണയിച്ച ആശയങ്ങളിൽ നിന്നുകൊണ്ടുവേണം തുടർന്നുള്ള വായനകൾ രൂപപ്പെടുന്നത്. അല്ലെങ്കിൽ ഓരോ വായനക്കാരനും ഓരോ പുതിയ പുതിയ വിചിത്ര സന്ദേശങ്ങളുമായി പ്രത്യക്ഷപ്പെടുകയായിരിക്കും ഫലം.

ഹദീസുകൾ എന്നാൽ സുന്നത്തു എന്നല്ല അർത്ഥമാക്കുന്നത് . ഹദീസുകളിലൂടെ അതിന്റെ പാശ്ചാത്തലം വിശകലനം ചെയ്തുകൊണ്ട് , പണ്ഡിതോചിതമായ പഠനങ്ങളിലൂടെ മനസിലാക്കുന്ന പ്രവാചക ചര്യ ആണ് സുന്നത്തു.

ഹദീസ് നിഷേധം എന്നാൽ ഏതെങ്കിലും ഒരു ഹദീസിനെ പഠനവിധേയമാക്കിക്കൊണ്ടു അത് സ്വീകാര്യമല്ല എന്ന് പറയുന്നതല്ല, മറിച്ചു ഖുർആൻ അല്ലാത്ത പ്രവാചകന്റെ അധ്യാപനങ്ങൾ ആവശ്യമില്ല എന്ന് വാദിച്ചുകൊണ്ടു ഹദീസുകൾ തള്ളിക്കളയുന്നതാണ്. അല്ലെങ്കിൽ ഒരു കാര്യം ഖുർആനിൽ പറഞ്ഞിട്ടില്ല എന്ന കാരണം കൊണ്ട് ഹദീസുകൾ നിഷേധിക്കുന്നത്.

ഇസ്‌ലാമിൽ വിഭാഗീയതകളും അഭിപ്രായ ഭിന്നതകളും പുതിയതല്ല. എന്നാൽ ഏതെങ്കിലും ഒരു വിഭാഗം, പ്രവാചകൻ(സ) യുടെ വിശദീകരണങ്ങളുടേയും അധ്യാപനങ്ങളുടേയും ആവശ്യം ഇസ്‌ലാമിനില്ല എന്ന് വാദിച്ചുകൊണ്ടു ആയിരത്തിൽ പരം വർഷങ്ങളുടെ ചരിത്രത്തിൽ രംഗത്ത് വന്നിരുന്നില്ല. പ്രവാചക സുന്നത്തു നിഷേധം പാശ്ചാത്യ കൊളോണിയൽ മേൽക്കോയ്മക്കു കീഴിൽ കഴിയേണ്ടിവന്ന മുസ്ലിം സമൂഹങ്ങളിലാണ് ഉടലെടുത്തത്. മദ്രസകൾ ക്ഷയിക്കുകയും, മതവിജ്ഞാനം ദുർബലമാവുകയും ചെയ്ത സമൂഹത്തിൽ, പാശ്ചാത്യ ശക്തികളോടുള്ള ചിന്താപരമായ വിധേയത്വം ഉടലെടുത്ത സന്ദർഭത്തിൽ ആണ് ഈ വാദം മുസ്ലിംകളിൽ കടന്നുവന്നത്.

YouTube Video Thumbnail
5-മിനുട്ട് ഇസ്ലാം - ഹദീസ് , സുന്ന , ഹദീസ് നിഷേധം - സലീം പുന്നോൽ