1-ഒന്നാം നൂറ്റാണ്ടിലെ യഹൂദ മതം

ഒന്നാം നൂറ്റാണ്ടിൽ യഥാർത്ഥ ഇസ്രായീലിയരെ പ്രതിനിധീകരിക്കുന്നവരാണെന്നു അവകാശപ്പെടുന്ന വിവിധ വിഭാഗങ്ങൾ ആയി യഹൂദ മതം വിഭജിക്കപ്പെട്ടിരുന്നു.

പരീശന്മാർ:

ഇവർ വേദ പണ്ഡിതന്മാർ ആയിരുന്നു. അധ്യാപകരും പുരോഹിതന്മാരും ആണ് പരീശന്മാർ. ഇവർ തോറ കല്പനകളും (Law) പാരമ്പര്യങ്ങളും (Oral traditions) പാലിച്ചു. അനുഷ്ഠാനങ്ങളിൽ കൃത്യത പാലിക്കുന്നവർ ആയിരുന്നു. സാധാരണക്കാരുടെ ഇടയിൽ പരീശന്മാർക്കായിരുന്നു കൂടുതൽ പിന്തുണയും അംഗീകാരവും ലഭിച്ചിരുന്നത്.

സദൂക്യർ

ഇവർ ദേവാലയത്തിൽ ആഭിജാത്യവും കുലീനതയും അവകാശപ്പെടുന്നവർ ആയിരുന്നു. ഇവർ സമ്പന്നർ ആണ്. അതുകൊണ്ടുതന്നെ ജറുസലേമിൽ ശക്തരും അധികാരങ്ങളിൽ സ്വാധീനമുള്ളവരും ആയിരുന്നു. സദൂക്യർ തോറ മാത്രമേ പ്രമാണമായി അംഗീകരിച്ചിരുന്നുവുള്ളൂ. ഉയർത്തെഴുന്നേൽപ്പ്‌ , മരണാനന്തര ജീവിതം, ആത്മാവ് , മാലാഖ എന്നിവയെല്ലാം നിഷേധിക്കുന്നവർ ആയിരുന്നു ഇവർ. പുരോഹിതന്മാരുടെ പ്രത്യേക അധികാരങ്ങൾക്കും, ദേവാലയത്തിലെ ബലികൾക്കും ഇവർ പ്രാമുഖ്യം കൊടുത്തു.

എരിവുകാർ (Zealots)

ഒന്നാം നൂറ്റാണ്ടിൽ സജീവമായിരുന്ന ഒരു തീവ്ര ജൂത വിഭാഗമായിരുന്നു എരിവുകാർ. റോമൻ ഭരണത്തോടുള്ള കടുത്ത എതിർപ്പുള്ള വിഭാഗം. ദൈവം മാത്രമേ ഇസ്രായേലിന്റെ ഭരണാധികാരിയാകാവൂ എന്നവർ വിശ്വസിച്ചു. മതപരമായ ആവേശവും രാഷ്ട്രീയ ദേശീയതയും സംയോജിപ്പിച്ച്, വിദേശ ആധിപത്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്തു. റോമിനോടുള്ള വിശ്വസ്തതയെ ദൈവവഞ്ചനയായി അവർ കരുതി. ജൂത സ്വാതന്ത്ര്യത്തിനായി മരിക്കാൻ തയ്യാറെടുത്ത വിഭാഗം.

എസ്സീനുകൾ:

ബി.സി. രണ്ടാം നൂറ്റാണ്ട് മുതൽ എ.ഡി. 70-ൽ ജറുസലേമിന്റെ നാശം വരെ രണ്ടാം ക്ഷേത്ര കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിച്ച ഒരു വ്യതിരിക്ത, ശുദ്ധ വാദക്കാർ ആയ ജൂത വിഭാഗമായിരുന്നു എസ്സീനുകൾ. സാമൂഹിക ജീവിതം, സന്യാസ അച്ചടക്കം, അന്ത്യകാലത്തെ പ്രതീക്ഷകൾ എന്നിവ ഇവരുടെ പ്രത്യേകതകൾ ആയിരുന്നു. ക്ഷേത്ര നേതൃത്വത്തെയും പുരോഹിത അഴിമതിയെയും ചൊല്ലിയുള്ള വർദ്ധിച്ചുവരുന്ന പ്രധിഷേധങ്ങൾക്കിടയിലാണ് - ഏകദേശം ബി.സി. 150 - എസ്സീനുകൾ രൂപപ്പെട്ടത്. അവർ ജൂതമതത്തിലെ പരീശന്മാരും സദൂക്യരും ഉൾപ്പെടെ മൂന്ന് പ്രധാന ജൂത വിഭാഗങ്ങളിൽ ഒന്നായിരുന്നു.

ആചാരപരമായ വിശുദ്ധി നിലനിർത്താനും, കൃത്യതയോടെ തോറ നിയമങ്ങൾ ആചരിക്കാനുമായി അവർ ചാവുകടലിനടുത്തുള്ള മരുഭൂമിയിൽ, കുമ്രാനിൽ താമസമാക്കി. (അവിടെയാണ് 1947-ൽ ചാവുകടൽ ചുരുളുകൾ കണ്ടെത്തിയതു.)

എസ്സീനുകൾ തങ്ങളെ യഥാർത്ഥ ഇസ്രായേലായും അന്തിമ ന്യായവിധിക്കായി തയ്യാറെടുക്കുന്ന "വെളിച്ചപുത്രന്മാരുടെ" ഒരു സമൂഹംമായും വീക്ഷിച്ചു. അവർ തോറ നിയമങ്ങൾ കർശനമായി ആചരിച്ചു.

ലോകം വെളിച്ചത്തിനും ഇരുട്ടിനും (സത്യത്തിനും വഞ്ചനയ്ക്കും) ഇടയിൽ വിഭജിക്കപ്പെട്ടതായി അവർ കണ്ടു. ആത്മീയമായതും, രാജാധികാര മുള്ളതുമായ രണ്ട് മിശിഹാമാരെ അവർ പ്രതീക്ഷിച്ചു. അശുദ്ധമാക്കപ്പെട്ടതെന്നു കണക്കാക്കി അവർ ജറുസലേം ക്ഷേത്രത്തെ നിരാകരിച്ചു. ഇപ്പോഴത്തെ യുഗം ഉടൻ അവസാനിക്കുമെന്നും ദൈവം ഒരു നിത്യരാജ്യം സ്ഥാപിക്കുമെന്നും അവർ വിശ്വസിച്ചു.

ആചാരങ്ങളും ദൈനംദിന ജീവിതവും: എസ്സീനുകൾ സ്വത്ത്, ഭക്ഷണം, അധ്വാനം എന്നിവ പങ്കിട്ടുകൊണ്ട് ഒരു കൂട്ടായ ജീവിതശൈലി പിന്തുടർന്നു. ശുദ്ധിക്കായി ആചാരപരമായ കഴുകൽ (സ്നാനം) അവരുടെ ആരാധനാ രീതി ആയിരുന്നു. മറ്റു ജൂത വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഭക്ഷിക്കുന്നതിനു മുമ്പ് പ്രാർത്ഥിക്കുക എന്നത് ഇവരുടെ രീതി ആയിരുന്നു. അവരുടെ കൂട്ടായ്മയിൽ സാമുദായിക ഉടമസ്ഥാവകാശം ആയിരുന്നു. സ്വകാര്യ സമ്പത്ത് അനുവദനീയമായിരുന്നില്ല. സൂര്യോദയ സമയത്ത് പ്രാർത്ഥനകളും വേദ പഠനങ്ങളും നിർവഹിച്ചു. എസ്സീനുകൾക്കിടയിൽ ഉള്ള അത്താഴകൂദാശ (Communion), രോഗശാന്തി നൽകൽ തുടങ്ങിയവ മറ്റു ജൂത മത വിഭാഗങ്ങളിൽ കാണാത്തതാണ്. അവർക്ക് യാത്രപോകുമ്പോൾ, ദൈവത്തിൽ മാത്രം ഭരമേല്പിക്കുക എന്നതിനാൽ ഒന്നും കൂടെ കൊണ്ടുപോകാൻ പാടില്ലായിരുന്നു. Epiphenius എണ്ണിപ്പറഞ്ഞ എസ്സീനുകളുടെ പേരുകളിൽ യൂദാസ്, ശിമോൻ, യോഹന്നാൻ എന്നീ പേരുകൾ ഉണ്ടായിരുന്നു. ഭൂമിയിലുള്ള ആരെയും പിതാവെന്നോ, നായകൻ(Master) എന്നോ വിളിക്കരുത് എന്നായിരുന്നു നിയമം.

യോഹന്നാൻ സ്നാപകൻ:



എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സജീവമായിരുന്ന ഒരു പ്രഘോഷകൻ ആയിരുന്നു യോഹന്നാൻ സ്നാപകൻ. യെഹൂദ്യ മരുഭൂമിയിൽ പ്രസംഗിച്ചുകൊണ്ട്, അദ്ദേഹം ഇസ്രായേലിനെ മാനസാന്തരത്തിലേക്ക് വിളിക്കുകയും പാപമോചനം തേടുന്നവരെ സ്നാനപ്പെടുത്തുകയും ചെയ്തു (മർക്കോസ് 1:4; ലൂക്കോസ് 3:3).

എസ്സീനികളെ പോലെ യോഹന്നാനും നഗരങ്ങളിൽ നിന്നും ദേവാലയത്തിൽ നിന്നും വിട്ടുമാറി, ഏകാന്തമായ ലളിത ജീവിതം നയിച്ചു.

യോഹന്നാനും എസ്സീനുകളെ പോലെ മാനസാന്തരം, ശുദ്ധീകരണം, ദൈവത്തിന്റെ വരാനിരിക്കുന്ന രാജ്യത്തിനായുള്ള ഒരുക്കം എന്നിവയെ ഊന്നിപ്പറഞ്ഞു. "കർത്താവിന്റെ വഴി ഒരുക്കുക" എന്ന യോഹന്നാന്റെ ആഹ്വാനം ചാവുകടൽ ചുരുളുകളിൽ ഒന്നായ കമ്മ്യൂണിറ്റി റൂളിലെ വാഖ്യത്തിലും കാണാം.

വെള്ളം ഉപയോഗിച്ചുള്ള ആചാരപരമായ കഴുകൽ യോഹന്നാന്റെ രീതിയായിരുന്നു. യോഹന്നാൻ ഈ ആചാരത്തെ എല്ലാ ഇസ്രായേലിനും തുറന്ന, ധാർമ്മിക മാനസാന്തരത്തിന്റെ ഒരൊറ്റ സ്നാനമാക്കി മാറ്റി. യോഹന്നാൻ ജറുസലേം പൗരോഹിത്യത്തിന്റെ അഴിമതി നിരസിച്ചു, ഇസ്രായേലിനെ ശുദ്ധീകരിക്കുന്ന ഒരു ആസന്നമായ ദിവ്യ ന്യായവിധി പ്രതീക്ഷിച്ചു.

യോഹന്നാന്റെ സ്നാനം പരസ്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരുന്നു. എസ്സീനുകളെ പോലെ ഒരു അടഞ്ഞ സമൂഹത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന തായിരുന്നില്ല. അദ്ദേഹത്തിന്റെ സന്ദേശം പ്രവചനാത്മകവും മിഷനറിയുമായിരുന്നു. യോഹന്നാന്റെ ആഹ്വാനം ധാർമ്മിക നവീകരണത്തിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മിക്ക ചരിത്രകാരന്മാരും യോഹന്നാൻ ഒരു എസ്സീനല്ലെന്നും, അദ്ദേഹവും കുമ്രാൻ സമൂഹവും രണ്ടാം ക്ഷേത്ര ജൂതമതത്തിലെ ഒരേ അപ്പോക്കലിപ്റ്റിക്-ശുദ്ധി പ്രസ്ഥാനത്തിൽ നിന്നാണ് ഉയർന്നുവന്നതെന്നും അഭിപ്രായപ്പെടുന്നു.



പ്രധാന വിവര സ്രോതസ്സുകൾ:



• Flavius Josephus. • Philo of Alexandria. • Pliny the Elder. • The Dead Sea Scrolls