3- യേശു: അനുചരരുടെ വിശ്വാസങ്ങൾ
സ്നാപക യോഹന്നാനാൽ സ്നാനം ഏറ്റവൻ. പാപങ്ങളെയും പാപികളേയും ചേർത്തുപിടിച്ച കാരുണ്യവാൻ. ദാരിദ്ര്യം സ്വയം എടുത്തണിഞ്ഞവൻ. ദിവ്യസ്പർശത്താൽ രോഗങ്ങൾ സുഖപ്പെടുത്തിയവൻ.
മോശെയുടെ കല്പനകൾ നിറവേറ്റുന്ന ഭക്തനായ യഹൂദൻ. ദേവാലയത്തിലെ സദൂസി പൗരോഹിത്യത്തോടു ഏറ്റുമുട്ടിയ പരിഷ്‌കർത്താവ്. തങ്ങൾ പ്രതീക്ഷിച്ച രക്ഷകൻ. ദൈവരാജ്യം സ്ഥാപിക്കാൻ നിയുക്തനായ മിശിഹാ.
ഒടുവിൽ യേശു ഉയർത്തപ്പെട്ടപ്പോൾ യേശുവിനെ അനുഗമിച്ചിരുന്നവർ അവന്റെ തിരഞ്ഞെടുക്കപ്പെട്ട അനുയായികൾക്ക് ചുറ്റും കൂടി.
“അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു (ἐγείρω - egiro); അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ. “(മർക്കോസ് 16:6)
ഗ്രീക്ക് മൂലപദം ἐγείρω (egiro) ന്റെ അർഥം മരിച്ചവൻ ജീവൻ വെക്കുക എന്നല്ല, ഉയരുക, ഉണർത്തുക എന്നുമാത്രമാണ്.
ഉദാഹരണത്തിന്,
“പക്ഷവാതക്കാരനോടു:....... “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
12 ഉടനെ അവൻ എഴുന്നേറ്റു (ἐγείρω - egiro) കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (മർക്കോസ് 2:12)
അവന്റെ ശിഷ്യന്മാരും യഹൂദ കല്പനകൾ പിൻപറ്റുന്ന വിശ്വാസികളായി ജീവിച്ചു. എന്നാൽ യേശു, മിശിഹ ആണെന്ന് വിശ്വസിക്കുന്നു എന്നത് അവരെ മറ്റു യഹൂദരിൽ നിന്നും വ്യത്യസ്തമാക്കി. ദൈവരാജ്യം സ്ഥാപിക്കുന്നതിനും ആത്യന്തിക വിജയം കൈവരിക്കുന്നതിനും യേശു പുനരാഗമിക്കുമെന്നു അവർ വിശ്വസിച്ചു. യഹൂദര്ക്കിടയിൽ ആവട്ടെ വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ ആ കാലത്തു സാധാരണവും ആയിരുന്നു.
യാക്കോബിന്റെ നേതൃത്വത്തിലുള്ള ഒന്നാം ജറുസലേം സഭ:
യേശുവിനെ ക്രൂശിച്ചതിനു ശേഷവും ജീവനോടെ കണ്ടതായി വാർത്ത പരന്നതോടെ, അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ ജറുസലേമിൽ ആദ്യത്തെ വിശ്വാസി സമൂഹം സ്ഥാപിച്ചു. ഈ സമൂഹത്തിന്റെ നേതൃത്വം താമസിയാതെ , പുതിയ നിയമത്തിൽ "കർത്താവിന്റെ സഹോദരൻ" എന്ന് വിശേഷിപ്പിച്ച 'നീതിമാനായ യാക്കോബി'ന്റെ കീഴിലായി.
“എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.” (ഗലാത്യർ 1:19)
കൂട്ടത്തിൽ പിന്നീട് പൗലോസും ഉണ്ടായിരുന്നു. പൗലോസ് യേശുവിനെ നേരിൽ കണ്ടവൻ ആയിരുന്നില്ല. പൗലോസ് യഹൂദർ അല്ലാത്തവരേയും ക്രിസ്തുമാർഗത്തിൽ ചേർത്തുതുടങ്ങി. ജാതികളിൽ നിന്നുള്ള മതപരിവർത്തനം ചെയ്തവരെ ഉൾപ്പെടുത്തുന്നവിഷയത്തിൽ, യാക്കോബിന്റെ നേതൃത്വത്തിലുള്ള ജറുസലേം സഭയും പൗലോസും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തു.
“എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു.” (പ്രവൃത്തികൾ15:5)
യാക്കോബും ജറുസലേം മൂപ്പന്മാരും ന്യായപ്രമാണത്തിന്റെ തുടർച്ചയായ ആചരണത്തിന് ഊന്നൽ നൽകി (പ്രവൃത്തികൾ 21:20–25), ജാതികളിൽ നിന്നുള്ളവർ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിക്കുകയും വേണം എന്നവർ ശഠിച്ചു. എന്നാൽ, ന്യായപ്രമാണത്തോടുള്ള അനുസരണമല്ല, ക്രിസ്തുവിലുള്ള വിശ്വാസമാണ് രക്ഷയുടെ അടിസ്ഥാനമെന്ന് പൗലോസ് വാദിച്ചു (ഗലാത്യർ 2:15–21; റോമർ 3:28).
ജറുസലേം കൗൺസിൽ ( 49 CE)
അങ്ങിനെ ചേർന്ന ജെറുസലം കൗൺസിൽ, സഭയുടെ നേതാവായ ജെയിംസ് ഒരു ഒത്തുതീർപ്പ് നിർദ്ദേശിച്ചുകൊണ്ട് ചർച്ച അവസാനിപ്പിച്ചു. ജാതികളെ പരിച്ഛേദന ചെയ്യേണ്ടതില്ലെന്നും, എന്നാൽ വിഗ്രഹാരാധന, രക്തം, ലൈംഗിക അധാർമികത എന്നിവയിൽ നിന്ന് അവർ വിട്ടുനിൽക്കണമെന്നും തീരുമാനിച്ചു.
“മതം മാറിയ വിജാതീയർ പൂർണ്ണമായ മോശൈക ന്യായപ്രമാണത്താൽ ഭാരപ്പെടരുത്, മറിച്ച് വിഗ്രഹാരാധന, ലൈംഗിക അധാർമികത, രക്തം ഭക്ഷിക്കൽ, ശ്വാസംമുട്ടിച്ച മൃഗങ്ങളുടെ മാംസം എന്നിവയിൽ നിന്ന് വിട്ടുനിൽക്കണം” (പ്രവൃത്തികൾ 15:19–20).
ജറുസലേം സഭയിലെ അംഗങ്ങൾ മുമ്പെന്നപോലെ ദേവാലയത്തിൽ ആരാധന തുടർന്നു (പ്രവൃത്തികൾ 2:46; 3:1) അവരുടെ മിശിഹായിലുള്ള വിശ്വാസത്തെ യഹൂദമതത്തിന്റെ നിരാകരണമായല്ല അതിന്റെ നിവൃത്തിയായി വീക്ഷിച്ചുകൊണ്ട് അവർ ന്യായപ്രമാണത്തോടു ചേർന്നുനിന്നു.
കൗൺസിൽ പ്രമേയം ഉണ്ടായിരുന്നിട്ടും, ഈ വിഷയത്തിൽ തുടർച്ചയായ സംഘർഷം ഉണ്ടായിരുന്നുവെന്ന് പൗലോസിന്റെ കത്തുകൾ പ്രതിഫലിപ്പിക്കുന്നു . പത്രോസ് വീണ്ടും യാക്കോബിന്റെ പക്ഷം ചേർന്നു.
“യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ (പത്രോസ്) ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു. ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു.” (ഗലാത്യർ-2:12-13)
യൂസേബിയസ് (സഭാപ്രസംഗ ചരിത്രം), എപ്പിഫാനിയസ് (പനാരിയൻ) തുടങ്ങിയ ആദ്യകാല സഭാപിതാക്കന്മാർ യാക്കോബിന്റെ കീഴിലുള്ള യെരുശലേം സഭ കർശനമായി ന്യായപ്രമാണം ആചരിച്ചിരുന്നുവെന്നു സ്ഥിരീകരിക്കുന്നു. അതേസമയം പൗലോസിന്റെ സമൂഹങ്ങൾ കൂടുതൽ കൂടുതൽ വിജാതീയരും നിയമരഹിതരുമായി വളർന്നു. ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ ശിഷ്യരിൽ ഒരു പ്രധാന ദൈവശാസ്ത്രപരവും സാംസ്കാരികവുമായ വിഭജനം ഈ വ്യത്യാസങ്ങൾ വെളിപ്പെടുത്തുന്നു:
യൂസേബിയസും (സഭാ ചരിത്രം) ഹെഗെസിപ്പസും ജെയിംസിനെ വിശേഷിപ്പിക്കുന്നത് അസാധാരണമായ നീതിയും ഭക്തിയും ഉള്ള ആളായിട്ടാണ്. അദ്ദേഹം ദൈവാലയത്തിലെ നിരന്തരമായ സാന്നിധ്യത്തിന് പേരുകേട്ടവനും ആയിരുന്നു. ആളുകൾ അദ്ദേഹത്തെ "നീതിമാൻ" എന്ന് വിളിച്ചു. ധാർമ്മിക ശുദ്ധിയുടെ പേരിൽ യേശുവിൽ വിശ്വസിച്ചവരും അല്ലാത്തവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. യാക്കോബ്, ന്യായപ്രമാണത്തിൽ പ്രവർത്തി ഇല്ലാതെ വിശ്വാസം മാത്രം ഉണ്ടായിട്ടു പ്രയോജനമില്ല എന്ന പക്ഷക്കാരൻ ആയിരുന്നു.
“ സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?” (യാക്കോബ് 2:14).
ജോസഫസിന്റെ (പുരാവസ്തുക്കൾ ) അഭിപ്രായത്തിൽ, യാക്കോബ് എ.ഡി. 62-ൽ മഹാപുരോഹിതനായ അനനസ് രണ്ടാമന്റെ കീഴിൽ രക്തസാക്ഷിയായി, ഇത് ജറുസലേം സഭയ്ക്ക് ഒരു വഴിത്തിരിവായി. എ.ഡി. 70-ൽ അദ്ദേഹത്തിന്റെ മരണത്തിനും റോമൻ ജറുസലേമിന്റെ നാശത്തിനും ശേഷം, സമൂഹം ചിതറിപ്പോയി.
നസറായന്മാർ:(Nazarenes)
നസറായന്മാർ, അവരുടെ ഉത്ഭവം, പൗലോസിന്റെ വ്യതിചലനം:
നസറായനായ യേശുവിന്റെ ആദ്യകാല അനുയായികളായിരുന്നു നസറായന്മാർ ( ഹീബ്രുവിൽ നോത്സ്രിം). യേശുവിന്റെ സഹോദരനായ യാക്കോബ് നയിച്ച ജറുസലേം സഭയുടെ പിന്തുടർച്ചയായിരുന്നു അവർ. നസറായൻ എന്ന പദം ബൈബിളിൽ യേശുവിനെ പരാമർശിക്കുന്നുണ്ട്. (മത്തായി 2:23) യേശുവിന്റെ അനുയായികളേയും ഈ പദം സൂചിപ്പിക്കുന്നു.
ഒന്നാം നൂറ്റാണ്ടിലെ യഹൂദമതത്തിലെ ഒരു ഉപവിഭാഗമായിരുന്നു നസറായന്മാർ. ഈ വിശ്വാസികൾ യഹൂദ സ്വത്വമോ ആചാരമോ ഉപേക്ഷിക്കാതെ ദേവാലയത്തിൽ ആരാധന തുടർന്നു (പ്രവൃത്തികൾ 2:46), മോശെയുടെ നിയമങ്ങൾ പാലിച്ചു. (പ്രവൃത്തികൾ 21:20), യേശുവിനെ ഇസ്രായേലിന്റെ മിശിഹായായി പ്രഖ്യാപിച്ചു.
യൂസേബിയസ് (സഭാപ്രസംഗ ചരിത്രം), എപ്പിഫാനിയസ് (പനാരിയൻ) എന്നിവരുടെ അഭിപ്രായത്തിൽ, നസറായന്മാർ ജറുസലേമിന്റെ നാശത്തെ അതിജീവിച്ചു (CE 70) ഡെക്കാപോളിസിലെ പെല്ലയിലേക്ക് പലായനം ചെയ്തു. മത്തായിയുടെ സുവിശേഷത്തിന്റെ ഒരു ഹീബ്രു അല്ലെങ്കിൽ അരമായ പതിപ്പ് അവർ നിലനിർത്തുകയും ജറുസലേമിന്റെ യഥാർത്ഥ അപ്പോസ്തോലിക നേതൃത്വവുമായി തുടർച്ച നിലനിർത്തുകയും ചെയ്തു. പിൽക്കാല വിജാതീയ ക്രിസ്തുമതത്തിൽ നിന്ന് വ്യത്യസ്തമായി, നസറായന്മാർ ന്യായപ്രമാണത്തോടുള്ള വിശ്വാസം ഊന്നിപ്പറഞ്ഞു.
ചരിത്രപരമായി, നസറായന്മാർ പൗലോസിനെ ഒരു വിവാദ വ്യക്തിയായി വീക്ഷിച്ചു. എപ്പിഫാനിയസ് പോലുള്ള സഭാപിതാക്കന്മാർ അവരെ വിശേഷിപ്പിക്കുന്നത് യഹൂദ നിയമവും ക്രിസ്തുവിലുള്ള വിശ്വാസവും അംഗീകരിക്കുകയും അതേസമയം അവരുടെ പൂർവ്വിക പാരമ്പര്യങ്ങൾ നിലനിർത്തുകയും ചെയ്തു എന്നാണ് (പനാരിയൻ ). അവർ തങ്ങളെ നസറായന്മാർ എന്ന് വിളിച്ചു. ചിലർ യേശുവിന്റെ കന്യാ ജനനം നിരസിച്ചു. ചിലർ സസ്യാഹാരികളായിരുന്നു. അവർ ദേവാലയ യാഗങ്ങൾ ഉപേക്ഷിച്ചു.
എന്നാൽ പൗലോസ് ജാതികൾക്കിടയിൽ, ന്യായപ്രമാണത്തിൽ നിന്നും മുക്തമായ ഒരു യേശു സന്ദേശം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങിനെ ഈ പുതിയ മതത്തിൽ യഹൂദർ ന്യുനപക്ഷമായിക്കൊണ്ടിരുന്നു. നസറായന്മാർ ഒരു ജൂത-ക്രിസ്ത്യൻ ന്യൂനപക്ഷമായി തുടർന്നെങ്കിലും, യഹൂദമതത്തിനുള്ളിൽ യേശുവിന്റെ വിശ്വാസത്തിന്റെ ആദ്യകാല രൂപം സംരക്ഷിക്കുകയും ചെയ്തു. ഒടുവിൽ റോം ജറുസലേം കീഴടക്കിയപ്പോൾ, അവർ നാസറായന്മാരെ ജറുസലേമിൽ നിന്ന് പുറത്താക്കി.
എബിയോണൈറ്റുകൾ: ( Ebionites 100-300 CE)
എബിയോണൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭ്യമാകുന്നത് അവരുടെ എതിരാളികളിൽ കൂടി മാത്രമാണ്. നസറൈനുകളെപ്പോലെ എബിയോണൈറ്റുകളും യേശുവിന്റെ ആദ്യകാല ജൂത അനുയായികളിൽ നിന്നാണ് വന്നത്: യേശുവിന്റെ മരണശേഷം യാക്കോബ് (യേശുവിന്റെ സഹോദരൻ) നയിച്ച ജറുസലേം സമൂഹത്തിൽ നിന്നുതന്നെ ഉള്ളവർ ആയിരിക്കാം അവരും.
എബിയോനൈറ്റുകൾ എന്നാൽ ദരിദ്രർ എന്നാണു അർഥം. യേശുവിൽ വിശ്വസിക്കുന്നവരെ ദരിദ്രർ എന്ന് വിളിച്ചിരുന്നു എന്ന് യൂസേബിയാസ് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്യുവിന്റെ സുവിശേഷങ്ങളിൽ കാണുന്ന ചില ഭാഗങ്ങൾ അവർ നീക്കം ചെയ്തിരുന്നു. പൗലോസിനെ മതപരിത്യാഗിയായി അവർ പ്രഖ്യാപിച്ചു. (യൂസേബിയസ്) അവരിൽ ചിലർ മറിയയുടെ കന്യാ ജനനം നിഷേധിച്ചു. എന്നാൽ യൂസേബിയസ് അവർ കന്യാ ജനനത്തിൽ വിശ്വസിച്ചു എന്ന് അഭിപ്രായപ്പെടുന്നു. യേശു സാദാരണ മനുഷ്യനായി ജനിച്ചവനായി അവർ വിശ്വസിച്ചു. പ്രവാചകനായി ദൈവം പിന്നീട് തിരഞ്ഞെടുത്തതാണെന്നു അവർ വിശ്വസിച്ചു. (എറേനിയസ്). അവർ അവനെ ഒരു പ്രവാചകനായി മാത്രമേ കണക്കാക്കിയിട്ടുള്ളൂ (ട്യൂട്ടോലിയൻ).