4- ഏരിയനിസം: വിട്ടുപോകാതെ ഏകദൈവ വിശ്വാസം. (Arianism 250- 589):
Arian Baptistery, Ravenna — 5th-century Ostrogothic monument
70-ൽ റോമൻ സൈന്യം ജറുസലേം ഉപരോധിക്കുകയും നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന്, നസറീൻസ്, എബിയോണൈറ്റ്സ് തുടങ്ങിയ ആദിമ ക്രിസ്തീയ വിഭാഗങ്ങൾ ചിതറിപ്പോയി. ക്രിസ്തുമതം അതിന്റെ ജൂത പരിസരത്തുനിന്നും ബഹുദൈവാരാധകരായ ഗ്രീക്ക്-റോമൻ പുറം ജാതികളിൽ കൂടുതൽ പ്രചരിച്ചു തുടങ്ങി. അവർക്കിടയിൽ, മനുഷ്യനായ, പ്രവാചകനായ ജൂത മിശിഹാ അല്ല, കൂടുതൽ കൂടുതൽ ദൈവികത ആരോപിക്കപ്പെട്ട, മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ മിശിഹാ ആണ് കൂടുതൽ സ്വീകാര്യത നേടിയത്.
എന്നാൽ ദൈവികതയുള്ള മിശിഹായും ജൂതപാരമ്പര്യത്തിലെ ദൈവസങ്കല്പവും ചേർന്നുപോകുമായിരുന്നില്ല. ഇത് വിശദീകരിക്കാൻ ക്രിസ്തീയ പണ്ഡിതന്മാർ പല തരത്തിലുള്ള ദൈവശാസ്ത്രങ്ങളും മുന്നോട്ടുവെക്കാൻ തുടങ്ങി. യേശു മനുഷ്യനായി പിറന്നുവെന്നും പിന്നീട് ദൈവം അദ്ദേഹത്തെ ദൈവമായി ദത്തെടുത്തു എന്നതായിരുന്നു ഒന്ന്.(Adoptionism). മറ്റൊന്ന് ഏകനായ ദൈവം മൂന്നു രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന വാദം. (Modalism). മറ്റൊരു ദൈവത്വം എന്നത് ദൈവങ്ങളുടെ ഒരു സ്രേണിയാണെന്ന വാദമായിരുന്നു (Subordinationism). ജൂത പാരമ്പര്യത്തിലുള്ള ഏകദൈവ വിശ്വാസം സംരക്ഷിക്കാനും, യുക്തിസഹമായി പിതാവും പുത്രനും ദൈവങ്ങളാണ് എന്ന് സ്ഥാപിക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ശ്രമങ്ങൾ. നിയോപ്ലാറ്റോണിക് തത്വശാസ്ത്രം പരിചിതമായിരുന്ന ഈ പണ്ഡിതന്മാർക്ക് ഒരു രണ്ടാമത്തെ പൂർണ്ണ ദൈവത്വം വിശദീകരിക്കുന്നത് പ്രയാസകരമായിരുന്നു. ആലങ്കാരിക വ്യാഖ്യാനത്തിനും താർക്കിക ദൈവശാസ്ത്രത്തിനും പേരുകേട്ട അലക്സാണ്ട്രിയൻ ദൈവശാസ്ത്ര പാരമ്പര്യത്തിൽ പ്രത്യേകിച്ചും. ഈ പശ്ചാത്തലത്തിൽ, അലക്സാണ്ട്രിയയിലെ ഒറിജൻ (3 CE ) പുത്രന്റെ നിത്യതയെക്കുറിച്ചുള്ള ഒരു സിദ്ധാന്തം ആവിഷ്കരിച്ചു. യേശു ദൈവത്തിന്റെ ജാതനായ പുത്രനാണെന്നും, എന്നാൽ പുത്രൻ എന്നും നിലനിന്നിരുന്നു എന്നുമായിരുന്നു ഇത്. ത്രിയേകത്വ സിദ്ധാന്തത്തിന്റെ ആരംഭമായിരുന്നു ഇത്.
Basilica of Sant’Apollinare Nuovo, Ravenna — 6th-century Arian church turned Byzantine basilica.